ആസ്ത്മ ചെറുക്കാം ആയുർവേദത്തിലൂടെ

ശ്വാസകോശ ആരോഗ്യം ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന സമയമാണിത്. കോവിഡിന് ശേഷം ശ്വാസകോശ രോഗങ്ങൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. മാത്രമല്ല ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരിൽ അത് കൂടുതൽ ശക്തി പ്രാപിച്ചും കാണുന്നു.

കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രകടമാകുന്ന രോഗമാണ് അസ്തമ. ആയാസപ്പെട്ടു ശ്വസിക്കുക എന്നർത്ഥമുള്ള അസെയിൻ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് അസ്തമ എന്ന വാക്ക് വന്നത്. ആയുർവേദത്തിൽ ഇത് ശ്വാസ രോഗങ്ങളിൽ ഉൾപ്പെടുന്നു.ജനസംഖ്യയുടെ 3-5% ആസ്ത്മ ബാധിതരാണെന്നാണ്  കണക്കുകൾ.

ലക്ഷണങ്ങൾ :

വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, നെഞ്ചിൽ കുറുകുന്ന പോലെയുള്ള ശബ്ദം, ശ്വാസമെടുക്കാനും സംസാരിക്കാനും ബുദ്ധിമുട്ടനുഭവിക്കുക,മാറത്തും വാരിപ്പുറങ്ങളിലും വേദന, മേൽവയർവീർപ്പ് ഇവയാണ് പ്രധാന ലക്ഷണങ്ങൾ

കാരണങ്ങൾ

  • ജനിതക പശ്ചാത്തലം
  • അലർജി
  • വായു മലിനീകരണം
  • പുകവലി
  • തൊഴിൽ പരം

കിടക്ക, തലയണഉറ,കമ്പിളികൾ, തുണികൾ, പുസ്തകങ്ങൾ ഇവയിലെ പൊടികൾ, അടചിട്ട മുറികളിലെ പൊടിയും പൂപ്പലും, അടുപ്പിലെ പുക, കൊതുകുതിരി, ചന്ദനത്തിരി, സിഗരറ്റ് പുകപെർഫ്യൂമുകൾ , വളർത്തു പക്ഷികൾ, മൃഗങ്ങളുടെ രോമങ്ങൾ, അവയുടെ വിസർജ്യങ്ങൾ ഇവയൊക്കെ അലർജിക്ക് കാരണമാകും.

സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉള്ളപ്പോൾ  ആർത്തവ ദിവസത്തിന് തൊട്ടുമുമ്പായി, ആർത്തവ വിരാമ ഘട്ടങ്ങളിൽ  ചിലപ്പോൾ അസ്ത്മ അധികമായി കാണാറുണ്ട്. മാനസിക സമ്മർദ്ദം അസ്ത്മ വർധിപ്പിക്കുന്നതിൽ പ്രധാന ഘടകമാണ്.ആകാശത്ത് കാർമേഘം നിറഞ്ഞാൽ ശ്വാസരോഗിക്ക് ബുദ്ധിമുട്ടനുഭവപ്പെടുമെന്നാണ് ആയുർവേദമതം.

ഇത്തരം കാരണങ്ങൾ കൊണ്ട് ശ്വാസകോശ നാളികൾക്ക് നീർക്കെട്ട് അല്ലെങ്കിൽ ചുരുക്കം ഉണ്ടാവുന്നു. ഇത് വായുവിന് കടന്നു പോവാൻ വേണ്ടത്ര സ്ഥലം ഇല്ലാതാകുന്നു. ചുരുങ്ങിയ ശ്വാസനാളത്തിലൂടെ വായു സഞ്ചരിക്കുമ്പോൾ നെഞ്ചിൽ മുറുക്കം, കുറുങ്ങുന്ന ശബ്ദം, ചൂളമടിക്കുന്ന പോലെയുള്ള ശബ്ദം ഇവയുണ്ടാകുന്നു.

ആയുർവേദ പരിഹാരം :

ആസ്ത്മ വളരെക്കാലം നീണ്ടുനിൽക്കുന്ന സ്വഭാവമുള്ള രോഗമാണ്. ജീവിതശൈലിയിലൂടെയും ചികിത്സയിലൂടെയും നിയന്ത്രിച്ചു നിർത്താനും അധികം കാലമായി ഉണ്ടായതല്ലെങ്കിൽ പൂർണമായി മാറ്റുവാനും കഴിയും.

പഴയ അരി (കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സംഭരിച്ചു വച്ച അരി), ഗോതമ്പ്,ബാര്‍ലി, ചെറുപയര്‍, തുടങ്ങിയവ പോലെയുള്ള ധാന്യകങ്ങള്‍ തേൻ, ഇഞ്ചി ചായ മുതലായവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം
തുളസി, ജീരകം, ചുക്ക് മുതലായവയിലേതെങ്കിലും ഒന്നിട്ട് തിളപ്പിച്ച വെള്ളം ഭക്ഷണത്തിന് മുൻപും പിൻപും ശീലമാക്കുന്നതും നല്ലതാണ്.

ദഹിക്കുവാന്‍ പ്രയാസമുള്ള എണ്ണകലര്‍ന്നതും, വറുത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
പാൽ ഉപയോഗിക്കുന്നവർ ചുക്കും മുളകും തിപ്പലിയും ചേർത്തോ, നേർപ്പിച്ച ചൂട് പാൽ ഒരു നുള്ള് മഞ്ഞൾ ചേർത്തോ ഉപയോഗിക്കാം.
ഭക്ഷണം ചൂടോടെ കഴിക്കുക. രാത്രി ഭക്ഷണം ദഹിക്കാൻ എളുപ്പമുള്ളത് ആയിരിക്കണം. ഉറങ്ങുന്നതിനു 3 മണിക്കൂർ മുൻപ് കഴിക്കുന്നതാണ് നല്ലത്

വാശാദികഷായം, ദശമൂല ജീരകം കഷായം, ധാന്വന്തരം ഗുളിക, ശ്വാസാനന്ദം ഗുളിക, താലീസപത്രാദിചൂര്‍ണം, സിതോപലാദിചൂര്‍ണം, , വാശാരിഷ്ടം, കനകാസവം,കസ്തൂരി കല്പരസായനം, അഗസ്ത്യ രസായനം, ച്യവനപ്രാശം തുടങ്ങിയവ അവസ്ഥക്ക് അനുസരിച്ചു ഉപയോഗിക്കാം.പഞ്ചകർമ ചികിത്സ രോഗ തീവ്രതകുറക്കാനും രോഗത്തിന്റെ ഇടവേളയുടെ ദൈർഘ്യം കൂട്ടാനും സഹായിക്കും.
യോഗയും പ്രാണായാമവും പതിവായി പരിശീലിക്കുന്നത് ആസ്ത്മ നിയന്ത്രിക്കാൻ സഹായകമാകും.

ശ്വാസക്കുഴലുകളെ ശുദ്ധീകരിക്കുകയും ശ്വാസോച്ഛ്വാസപ്രക്രിയ സുഗമമാകുകയും ചെയ്യുന്നതിന് ഇവ സഹായകമാണ്. മാനസിക സമ്മർദ്ദം കുറക്കാനും ശരീരത്തെയും മനസിനെയും സന്തുലിതാവസ്ഥയിൽ നിലനിർത്താനും യോഗയ്ക്ക് കഴിയും.
ഭുജംഗാസനം, അര്‍ധചക്രാസനം,അർദ്ധ കടി ചക്രാസനം ഊര്‍ധ്വമുഖശ്വാനാസനം, ഉഷ്ട്രാസനം, മത്സ്യാസനം, ഗോമുഖാസനം, ശശാങ്കസനം ഇവയൊക്കെ ഒരു ഡോക്ടറുടെ നിർദേശപ്രകാരം പരിശീലിക്കാം.നാഡിശുദ്ധി പ്രാണായാമം, ഭ്രാമാരി, ഉജ്ജായി, കപാലഭാതി,പ്രത്യേക ശ്വാസന വ്യായാമങ്ങൾ, ചെയർ ബ്രീത്തിങ് ഇവയും ശീലിക്കാം.
ആസ്ത്മ കൃത്യമായ ജീവിത ചര്യയിലൂടെയും യോഗയിലൂടെയും നിയന്ത്രിക്കാൻ കഴിയുന്ന ഒരു രോഗമാണ്, എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ അത് ജീവിതനിലവാരത്തെ കാര്യമായി ബാധിക്കുന്നു.

Author Dr Jyothsna P MD (Ayu)

Assistant Professor, Dept of Swasthavritta .