സെറിബ്രൽ പാൾസി

 

കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെയും പ്രവർത്തനങ്ങളെയും ബാധിച്ച്, ചലന വൈകല്യത്തിനും ചിലപ്പോൾ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കുന്ന അസുഖമാണ് സെറിബ്രൽ പാൾസി. ഗർഭകാലത്തോ പ്രസവസമയത്തോ അതിനു ശേഷമോ കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന വ്യത്യസ്ത അസുഖങ്ങളോ അവസ്ഥകളോ ആണ് ഇതിന് കാരണം. ഇന്ത്യയിൽ ശരാശരി 1000 കുട്ടികളിൽ മൂന്നു പേർക്ക് സെറിബ്രൽ പാൾസി കാണുന്നു എന്നതാണ് കണക്ക്. രാജ്യത്ത് ഈ രോഗം ബാധിച്ച 25 ലക്ഷത്തോളം ആളുകൾ ഉണ്ടെന്നും കണക്കുകൾ പറയുന്നു.

പ്രസവ സമയത്തോ അതിന് ശേഷമോ കുഞ്ഞിന്റെ തലച്ചോറിന് ഓക്സിജൻ കിട്ടാത്ത അവസ്ഥ, ബാക്ടീരിയൽ വൈറൽ അണുബാധകൾ, നവജാത ശിശുക്കളെ ബാധിക്കുന്ന കഠിനമായ മഞ്ഞപ്പിത്തം, ജനിതകപരമായ തകരാറുകൾ, കുഞ്ഞിന് തലയുടെ വലുപ്പം വർധിക്കുന്ന അവസ്ഥ, തലച്ചോറിലുണ്ടാകുന്ന രക്തസ്രാവം എന്നിവ  സെറിബ്രൽ പാൾസിയിലേക്ക് നയിക്കാവുന്ന കാരണങ്ങളാണ്. 

പ്രധാനലക്ഷണങ്ങൾ

 

1.വളർച്ചാഘട്ടത്തിലെ പ്രധാന  നാഴികകല്ലുകൾ പിന്നിടുന്നതിലെ കാലതാമസം.

2. പേശികളിലെ അമിത ദൃ‍ഢത, ദൃ‍ഢതക്കുറവ്.

3.ഭക്ഷണം ഇറക്കുവാനുള്ള പ്രയാസം.

4. സംസാര വൈകല്യം.

5.ചലനശേഷിയിലെ തകരാറ്. 

6.ഇന്ദ്രിയങ്ങള്‍ക്കുള്ള തകരാറ്.

7.ശ്രദ്ധക്കുറവ്.

8 ഭാഷാപരവും ധാരണാപരവുമായ   വൈകല്യം.

 9.മാനസിക വളര്‍ച്ചാ മുരടിപ്പ്.

10.പെരുമാറ്റ പ്രശ്നങ്ങള്‍.

11.ആവര്‍ത്തിച്ചുണ്ടാകുന്ന അപസ്മാരമോ മോഹാലസ്യമോ

സെറിബ്രല്‍ പാള്‍സി നാല് തരമുണ്ട് :

  •  സ്പാസ്റ്റിക്ക് സെറിബ്രല്‍ പാള്‍സി : സെറിബ്രല്‍ പാള്‍സിയില്‍ വളരെ സാധാരണമായതും വളരെയധിക കുട്ടികളെ ബാധിച്ചിട്ടുള്ളതുമായ  ഒരു തരമാണിത്. ഈ വിഭാഗത്തിലുള്ള സെറിബ്രല്‍ പാള്‍സിയുടെ അവസ്ഥ കാഠിന്യം കുറഞ്ഞതോ ഗുരുതരമോ ആകാം.  സ്പാസ്റ്റിക് സെറിബ്രല്‍ പാള്‍സിക്ക് നാല് ഉപ വിഭാഗങ്ങളും ഉണ്ട്. 
  1. ഹെമിപ്ലീജിയ: ഒരു വശത്തെ കൈകാലുകളെ ബാധിക്കുന്നു. സാധാരണയായി കൈയ്ക്കാണ് ഇത് കൂടുതലായി ബാധിച്ചു കാണുന്നത്.
  2. പാരാപ്ലീജിയ   : രണ്ടുകാലുകളേയും ബാധിക്കുന്നു. കൈകളെ ബാധിക്കാറില്ല, അല്ലെങ്കില്‍ വളരെ ചെറുതായേ ബാധിക്കാറുള്ളു.
  3. ക്വാഡ്രിപ്ലീജിയ അല്ലെങ്കില്‍ ടെട്രാപ്ലീജിയ : എല്ലാ കൈകാലുകളേയും (തളര്‍ച്ച)  ഒരുപോലെ ബാധിക്കുന്നു.
  4. ഡിപ്ലീജിയ : പാരാപ്ലീജിയയ്ക്കും ക്വാഡ്രിപ്ലീജിയയ്ക്കും ഇടയിലുള്ള ഒരു അവസ്ഥ.  രണ്ടുകാലുകളുടേയും ചലനശേഷിയെ ബാധിക്കുന്നു.
  •  എതിറ്റോയ്ഡ് അല്ലെങ്കില്‍ ഡിസ്കൈനെറ്റിക് സെറിബ്രല്‍ പാള്‍സി : പേശികളുടെ ബലക്കുറവ്, മന്ദഗതിയിലും വളഞ്ഞുപുളഞ്ഞുമുള്ള നീക്കങ്ങള്‍, കൈകാലുകളുടേയോ തലയുടേയോ മനഃപൂര്‍വ്വമല്ലാത്ത അനക്കം എന്നിവയാണ് ഈ തരം സെറിബ്രല്‍ പാള്‍സി ബാധിച്ചവരില്‍ കാണപ്പെടുക. ചലനങ്ങള്‍ മാനസിക പിരിമുറുക്കം ഉണ്ടാകുന്നതിന് അനുസരിച്ച് വര്‍ദ്ധിക്കുകയും വ്യക്തി വിശ്രമത്തിലായിരിക്കുമ്പോള്‍ കുറയുകയും ചെയ്യുന്നു. 
  •  അറ്റാക്സിക് സെറിബ്രല്‍ പാള്‍സി : ഇത് അപൂവമായി മാത്രം ഉണ്ടാകുന്നതാണ്. ബലക്ഷയം, ഏകോപിതമല്ലാത്ത ചലനങ്ങള്‍, ഉറപ്പില്ലായ്മ എന്നിവയാണ് ഇതിന്‍റെ ഫലമായി കാണപ്പെടുന്നത്. കാലുകള്‍ കവച്ചുവെച്ചു നടക്കലും സൂക്ഷ്മചലനശേഷിയിലെ ബുദ്ധിമുട്ടും സാധാരണമാണ്.   
  •  സെറിബ്രല്‍ പാള്‍സികളുടെ മിശ്രിതാവസ്ഥ : വിവിധ തരം സെറിബ്രല്‍ പാള്‍സികള്‍ കൂടിക്കലര്‍ന്ന ഒരു രൂപമാണ് ഇത്. എന്നിരുന്നാലും പക്ഷാഘാതവും മനപ്പൂര്‍വ്വമല്ലാതെയുള്ള വളഞ്ഞുപുളഞ്ഞ ചലനങ്ങളും ചേര്‍ന്നു വരുന്നതാണ് ഈ വിഭാഗത്തില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്നത്. 

കുട്ടി സ്വാഭാവികമായ വളര്‍ച്ചയുടെ ഏതെങ്കിലും ഘട്ടത്തിലെക്ക് എത്തിയിട്ടില്ല എന്ന് ആദ്യം ശ്രദ്ധിക്കുന്നത് മാതാപിതാക്കളായിരിക്കും. ഏതെങ്കിലും വളര്‍ച്ചാ ഘട്ടം താമസിക്കുകയാണെങ്കില്‍ കുട്ടി കാര്യങ്ങള്‍ വൈകിതുടങ്ങുന്ന പ്രകൃതമാണെന്നും  ക്രമേണ എല്ലാം പഠിക്കുമെന്നും മാതാപിതാക്കള്‍ വിചാരിച്ചേക്കാം. എന്നാല്‍ ഇത്തരത്തിലുള്ള വൈകലിനെക്കുറിച്ച് ശിശുരോഗ ചികിത്സകനെ അറിയിക്കേണ്ടതാണ്. 

സെറിബ്രല്‍ പാള്‍സിക്ക് പരിഹാരം ഇല്ലെങ്കിലും അതിന്‍റെ ലക്ഷണങ്ങള്‍ക്ക് വിവിധ ചികിത്സകള്‍ ലഭ്യമാണ്. സെറിബ്രല്‍ പാള്‍സിയുടെ തരത്തിലും  സ്ഥാനത്തിലും തകരാറിന്‍റെ കാഠിന്യത്തിലും വ്യത്യാസം ഉള്ളതിനാല്‍ വിദഗ്ധ ചികിത്സകരുടെ ഒരു സംഘം ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് സെറിബ്രല്‍ പാള്‍സിയുള്ള കുട്ടികള്‍ക്കായി സമഗ്രമായ ചികിത്സാ പദ്ധതി തയ്യാറാക്കുന്നത്. ശിശുരോഗവിദഗ്ധന്‍, ഫിസിയോതെറാപ്പിസ്റ്റ്, , സ്പീച്ച് ആന്‍റ് ലാംഗ്വേജ് തെറാപ്പിസ്റ്റ് (സംസാരത്തിലേയും ഭാഷയിലേയും തകരാറുകള്‍ക്ക് ചികിത്സിക്കുന്ന വിദഗ്ധന്‍), ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ് (ദൈനംദിന പ്രവര്‍ത്തികള്‍ സംബന്ധിച്ച് ചികിത്സ നല്‍കുന്നയാള്‍), ഭിന്നശേഷിയുള്ളവരെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍, മനഃശാസ്ത്രജ്ഞര്‍ തുടങ്ങിയവരെല്ലാം ഒരുമിച്ച് പ്രവര്‍ത്തിച്ച് കുട്ടിയെ രോഗലക്ഷണങ്ങള്‍ കൈകാര്യം ചെയ്യാനും കഴിയുന്നത്ര സ്വയംപര്യാപ്തത നേടാനും സഹായിക്കുന്നു.