യോഗയും ആരോഗ്യവും

എല്ലാവർഷവും  ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ യോഗയുടെ പ്രാധാന്യംആണ് ഇത് സൂചിപ്പിക്കുന്നത്.ഭാരതീയ തത്വചിന്തകളിൽ നിന്ന് ഉടലെടുത്ത ഒരു ശാസ്ത്രമാണ് യോഗ. യോജിപ്പിക്കുക എന്നർത്ഥമുള്ള യുജ്‌ എന്ന പദത്തിൽ നിന്നാണ് യോഗ എന്ന വാക്കുണ്ടായിട്ടുള്ളത്. മനസ്സും ശരീരവും തമ്മിൽ യോജിപ്പിക്കുക ജീവാത്മാവും പരമാത്മാവും തമ്മിൽ യോജിപ്പിക്കുക എന്നൊക്കെയാണ് ഇതിന്റെ അർത്ഥം. മനസ്സിന്റെ ചിന്തകൾ നിയന്ത്രിച്ച്  മനസ്സിനെ ശാന്തമാക്കുക എന്നതാണ് യോഗ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. യോഗയുടെ ആത്യന്തികമായ ലക്ഷ്യം മോക്ഷമാണ് എങ്കിലും ഒരു ആരോഗ്യ മാർഗ്ഗം  ആയിട്ടാണ് യോഗ കൂടുതലായി ഇപ്പോൾ ഉപയോഗിച്ച് വരുന്നത്.

യോഗ എന്ന് പറയുമ്പോൾ ഇപ്പോഴും ആളുകളുടെ എല്ലാം മനസ്സിൽ യോഗാസനങ്ങളുടെ ചിത്രമാണ് ആദ്യം ഓർമ്മ വരിക. എന്നാൽ യമം, നിയമം, ആസനം പ്രാണായാമം,പ്രത്യാഹാരം ധാരണ,ധ്യാനം,സമാധി എന്നീ അഷ്ടാംഗ യോഗയിലെ ഒരംഗം മാത്രമാണ് ആസനം.

ഇവയിൽ യമവും നിയമവും വ്യക്തിപരവും സാമൂഹികപരമായ ഒരു വ്യക്തി പാലിക്കേണ്ട കാര്യങ്ങളെയാണ് പ്രതിപാദിക്കുന്നത്. അഹിംസ, സത്യസന്ധത കളവ് ചെയ്യാതിരിക്കുക അതുപോലെതന്നെ വ്യക്തിപരമായ ശൗചം ഇവയൊക്കെ യമ നിയമങ്ങളിൽ വരുന്നു. ആസനങ്ങളെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം.പ്രാണായാമ മെന്നാൽ ശ്വസന ഗതി നിയന്ത്രിച്ച് പ്രാണനെ സമാവസ്ഥയിൽ കൊണ്ടുവരുന്ന പ്രക്രിയയാണ്. പ്രത്യാഹാരം എന്നാൽ ഇന്ദ്രിയങ്ങളെ മനസ്സിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരിക, അതായത് അമിത ആഗ്രഹങ്ങളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും മനസ്സിനെ പിൻവലിക്കൽ ആണ് പ്രത്യാഹാരം. വ്യക്തിയുടെ ചിന്തകളിൽ വ്യക്തമായ നിയന്ത്രണം ഉണ്ടാക്കി ചെയ്യുന്ന കാര്യത്തിൽ പൂർണ്ണമായി ശ്രദ്ധ കൊണ്ടുവരുന്നതിന്  ധാരണയും ധ്യാനവും സഹായിക്കുന്നു. മോക്ഷം അല്ലെങ്കിൽ സമാധി എന്നത് ജീവാത്മാവും പരമാത്മാവും തമ്മിലുള്ള താദാത്മ്യം പ്രാപിക്കലാണ് എന്നാൽ ചെയ്യുന്ന കാര്യത്തിൽ പൂർണമായി ഇഴുകിച്ചേരുക അല്ലെങ്കിൽ ഏത് അവസ്ഥയിലും സമമായ ധീയോടുകൂടി സമാവസ്ഥയിലുള്ള മനസ്സോടുകൂടി മനസ്സിനെ നിലനിർത്താൻ കഴിയുക എന്നതും സമാധി കൊണ്ട് മനസ്സിലാക്കാം

യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  :
 

1. യോഗ ചെയ്യുമ്പോൾ അയഞ്ഞ വസ്ത്രം ധരിക്കാൻ ശ്രമിക്കണം

2. നല്ല വായു സഞ്ചാരമുള്ള സ്ഥലം തിരഞ്ഞെടുക്കണം.

3. മറ്റ്    ശബ്ദങ്ങൾ പരമാവധി കുറഞ്ഞ സ്ഥലം ആയിരിക്കണം. 

4. ഒരു യോഗ മാറ്റ് അല്ലെങ്കിൽ ബെഡ്ഷീറ്റ് വിരിച്ച് വേണം യോഗ ചെയ്യാൻ.

5. സ്ത്രീകൾക്ക് മെൻസ്ട്രൽ  പിരീഡിൽ യോഗ ചെയ്യുന്നത് ബ്ലീഡിങ് കൂടാൻ കാരണമായേക്കാം. അതുകൊണ്ട് ആ ഏഴു ദിവസം യോഗ ചെയ്യാതിരിക്കുന്നതാണ് നല്ലത്. 

എല്ലാ അസനങ്ങളും എല്ലാവർക്കും വഴങ്ങണമെന്നില്ല. പ്രാണായകം മെഡിറ്റേഷൻ ഇവർ പരിശീലിക്കാൻ ഉതകുന്ന ആസനങ്ങൾ പത്മാസനം സുഖാസനം മുതലായവ ആയാസരഹിതമായി തുടർച്ചയായ സമയം ഇരിക്കാൻ പരിശീലിക്കുന്നത് നല്ലതാണ്.

വ്യായാമവും യോഗയും :
 

 യോഗ വെറും ശാരീരികമായ വ്യായാമമല്ല അതിനുപുറമേ മാനസികവും ആത്മീയവും വൈകാരികവുമായ ആരോഗ്യം യോഗ നമുക്ക് തരുന്നു.യോഗ ചെയ്യുമ്പോൾ നമ്മുടെ ശ്വസന രീതി ആസനങ്ങളുടെ ചലനത്തിന് ഒപ്പം ക്രമീകരിക്കുന്നു അതുകൊണ്ട് നമ്മൾ അറിയാതെ തന്നെ നമ്മുടെ ശ്രദ്ധ ശ്വസനഗതിയിലേക്ക് മാത്രമായി മാറുന്നു മനസ്സും ശരീരവും തമ്മിലുള്ള ഒരു  സന്തുലിതാവസ്ഥയാണ് യോഗ ഉണ്ടാക്കുന്നത്. കണ്ണുകൾ അടച്ചുപിടിച്ച് ശ്വസനഗതിയിൽ ശ്രദ്ധിച്ച് യോഗ ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിനെ കുറിച്ചുള്ള ഒരു അവബോധം  വർദ്ധിക്കുന്നുണ്ട്.

ചെയ്യുന്ന പ്രവർത്തി അറിഞ്ഞു ആസ്വദിച്ചു ചെയ്യാൻ യോഗ നമ്മളെ പഠിപ്പിക്കുന്നു

യോഗാസനങ്ങൾ കഴിയുമ്പോൾ റിലാക്സ്/ വിശ്രമാവസ്ഥ ചെയ്യേണ്ടതായിട്ടുണ്ട്.ആസനങ്ങൾ ചെയ്യുന്നതുപോലെ തന്നെ പ്രധാനമാണ് റിലാക്സേഷൻ ചെയ്യുന്നതും

ശരീരവും മനസ്സും റിലാക്സ്ചെയ്യാൻ ഇതിലൂടെ കഴിയുന്നു. യോഗ ചെയ്തു കഴിയുമ്പോൾ ക്ഷീണം തോന്നുന്നില്ല മറിച്ച്  സുഖമായി വിശ്രമിച്ചതിന്റെ ഒരു സുഖം ആണ് നമുക്ക് അനുഭവിക്കാൻ കഴിയുക

യോഗ ചെയ്യേണ്ട സമയം :
 

യോഗ ചെയ്യാൻ പ്രത്യേക സമയക്രമത്തിന് നിർബന്ധമില്ല.എങ്കിലും രാവിലെ യോഗ ചെയ്യുമ്പോൾ മനസ്സിനെ കുറച്ചുകൂടി എളുപ്പത്തിൽ നിയന്ത്രിക്കാൻ പറ്റുന്നുണ്ട് ചിന്തകൾ ഈ സമയത്ത് കുറവായിരിക്കും. രാവിലെ ചെയ്യുമ്പോൾ ഭക്ഷണം കഴിക്കാതെ ചെയ്യുന്നതാണ് നല്ലത്.  ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ 2-2.30 മണിക്കൂർ കഴിഞ്ഞ് യോഗാസനം ചെയ്യാൻ ശ്രദ്ധിക്കണം.വയറു നിറഞ്ഞിരിക്കുമ്പോൾ യോഗ ചെയ്യാൻ പ്രയാസമാണ്. അവനവന്റെ ജോലിയും ഭക്ഷണ സമയവും അനുസരിച്ചു യോഗാസമയം ക്രമീകരിച്ചെടുക്കാവുന്നതാണ്. നമ്മുടെ ആരോഗ്യം ആണ് നമുക്ക് ഏറ്റവും പ്രാധാന്യം ആയി ഉണ്ടാവേണ്ടത്. അങ്ങനെ ആയിക്കഴിഞ്ഞാൽ യോഗയ്ക്ക് സമയം കണ്ടെത്താൻ കഴിയും.

 ഒരു ഡോക്ടറുടെയോ യോഗ തെറാപ്പിസ്റ്റ്ന്റെയോ കൃത്യമായി മേൽനോട്ടത്തിലൂടെ ഓൺലൈൻ വഴി പോലും ഇപ്പോൾ നമുക്ക് യോഗ പരിശീലിച്ച് എടുക്കാവുന്നതാണ്.

 യോഗയിലെ തുടക്കക്കാർ ഒരിക്കലും യൂട്യൂബ് വഴി യോഗ പരിശീലിക്കരുത്. ഓരോ ആളുകളുടെയും ശരീരം വ്യത്യസ്തമാണ് എല്ലാവർക്കും എല്ലാ ആസനങ്ങളും വഴങ്ങണം എന്നില്ല.നടുവേദന കഴുത്ത് വേദന ഉളുക്കൽ തുടങ്ങിയ ഗുരുതര ശാരീരിക പ്രശ്നങ്ങൾ യൂട്യൂബ് വഴിയോഗാസനം പരിശീലനം ചെയ്തു ആളുകൾക്ക് ഉണ്ടായതായി കണ്ടിട്ടുണ്ട്.  കഠിനമായ യോഗാസനങ്ങൾ ഒന്നുംപരിശീലകന്റെ മേൽനോട്ടം ഇല്ലാതെ പഠിച്ചെടുക്കാൻ ശ്രമിക്കരുത്.ഓരോ ആസനവും പതുക്കെ പരിശീലിച്ച് കാലക്രമത്തിൽ അതിന്റെ ശരിയായ രൂപത്തിൽ എത്തുകയാണ് വേണ്ടത് ആദ്യം ആസനങ്ങൾ ചെയ്യുമ്പോൾ തന്നെ ശരീരത്തെ ബുദ്ധിമുട്ടിപ്പിച്ച് അവസാന സ്ഥിതി യിലേക്ക് എത്തിക്കുന്നത് ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കുക. പ്രത്യേക അസുഖമുള്ളവർ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ യോഗ ചെയ്യാവൂ. നടുവേദന ആസ്മ പോലെയുള്ള അസുഖങ്ങൾ ഉള്ളപ്പോൾ(acute stage)ചെയ്യേണ്ട ആസനങ്ങളും കുറച്ചുകാലങ്ങളായി ഉണ്ടാകുന്ന ക്രോണിക് ആയിട്ടുള്ള അവസ്ഥയിൽ ചെയ്യേണ്ട കാര്യങ്ങളും വ്യത്യസ്തമാണ്. ഹൈപ്പർ ടെൻഷൻ പോലെയുള്ള പല രോഗങ്ങളിലും ചില ആസനങ്ങൾ ഒഴിവാക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ട് തെറാപ്യൂട്ടി യോഗ കൃത്യമായി  ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ചെയ്യാവൂ.

സ്ത്രീകളുടെ ആരോഗ്യവും യോഗയും 

 സ്ത്രീകളിൽ ആർത്തവ ക്രമക്കേടിന് പ്രധാന കാരണമായി കാണുന്നത് തൈറോയ്ഡ് പ്രശ്നങ്ങളും പിസിഒഡി എന്ന അവസ്ഥയുമാണ്. ചില പീസിയോഡികളിൽ   വയറിനു ചുറ്റുമുള്ള കൊഴുപ്പ് നിക്ഷേപമാണ് പ്രധാന വില്ലൻ. അത് പിന്നീട് ഹോർമോൺ പ്രശ്നങ്ങൾക്കും ഡയബറ്റിസിനും കാരണമാകുന്നു. ആഹാര നിയന്ത്രണത്തോടൊപ്പം കൃത്യമായി യോഗ പരിശീലിക്കുന്നത് പിസിഒഡി പരിഹരിക്കാൻ സഹായിക്കും. ആർത്തവ സമയത്തുള്ള വേദന പല കാരണങ്ങൾ കൊണ്ട് ഉണ്ടാവാറുണ്ട് അതിന് തക്കതായ പരിശോധനകൾ നടത്തി വേറെ അസുഖങ്ങൾ കൊണ്ട് ഉണ്ടായതല്ല എന്ന് നിർണയിച്ച ശേഷം യോഗാസനങ്ങൾ നിർദ്ദേശിക്കുന്നു.

 തിരക്കുപിടിച്ച ജോലിക്കിടയിൽ സ്ത്രീകൾ അവരുടെ ആരോഗ്യം നോക്കാൻ മറക്കുന്നു, യോഗ ഈ ഒരു തിരക്കുകൾക്കിടയിലും അവരെ നന്നായി  റിലാക്സ് ചെയ്യാനും ആരോഗ്യമുള്ള വരായി മാറ്റാനും സഹായിക്കും. ആർത്തവ സമയത്തിനു മുമ്പ് അനുഭവിക്കുന്ന മാനസിക സമ്മർദ്ദം, ദേഷ്യം ( premenstrual symptoms ) കുറക്കാനും യോഗ സഹായിക്കുന്നുണ്ട്.ആർത്തവ വിരാമ സമയത്തുള്ള ലക്ഷണങ്ങൾക്ക്( ഉറക്കക്കുറവ്, അമിതമായ ചൂട്) പ്രാണായാമങ്ങൾ വളരെ ഫലപ്രദമാണ്.

വാർദ്ധക്യകാലത്ത് യോഗ :
 

പ്രധാനമായും  സന്ധികളുടെ ചലനങ്ങൾ പ്രായമാകുമ്പോൾ കുറഞ്ഞുവരുന്നു. മുട്ടുമടക്കാനും നിവർത്താനുമുള്ള ബുദ്ധിമുട്ട്, സന്ധികളിൽ വേദന തുടങ്ങിയവ പ്രായമാകുമ്പോൾ കൂടുന്നു. ഇവിടെ സൂക്ഷ്മ വ്യായാമങ്ങൾ വളരെ ഫലപ്രദമായി കണ്ടുവരുന്നു കൈവിരലുകൾ മുതലുള്ള സൂക്ഷ്മവ്യായാമങ്ങൾ (ലൂസനിംഗ് എക്സസൈസ്) ശരീരത്തിന്റെ എല്ലാഭാഗത്തും ഉള്ള രക്തചക്രമണം വർദ്ധിപ്പിക്കുന്നതിനും സന്ധികളിലെ ചലനം  വർധിപ്പിക്കാനും  സഹായകമാണ്.  ശ്വസന ക്രിയകൾ ശ്വാസ സംബന്ധമായ പ്രശ്നങ്ങൾക്കും  മാനസിക സമ്മർദ്ദം കുറയാനും ഉപയോഗിക്കാറുണ്ട്.

കോവിഡ് സമയത്ത് കൂടുതൽ കണ്ടിരുന്ന പോസ്റ്റ്‌ കോവിഡ് അവസ്ഥകളിൽ , ശ്വാസം മുട്ടൽ, കിതപ്പ്, ഉറക്കക്കുറവ് ഇവയിലൊക്കെ മരുന്നിനെക്കാൾ ഗുണം ചെയ്തു കണ്ടത് യോഗയ്ക്കായിരുന്നു

ഇനി നിലത്തിരുന്ന യോഗ ചെയ്യാൻ പ്രയാസമുള്ളവർക്ക് ചെയർ യോഗ പോലുള്ളകസേരയിൽ ഇരുന്ന് ചെയ്യാവുന്ന  യോഗയുടെ രീതികൾ ഉപയോഗപ്രദമാക്കാവുന്നതാണ്.

കുട്ടികളിൽ യോഗ :
 

ശ്രദ്ധയും ഏകാഗ്രതയും കൂട്ടാൻ യോഗ വളരെ നല്ലതാണ്. പഠന പ്രശ്നങ്ങളുള്ള കുട്ടികളിൽ ചികിത്സക്കും സ്പെഷ്യൽ എജുക്കേഷനും ഒപ്പം യോഗ കൊടുക്കുന്നത് വളരെ ഫലപ്രദമാണ്.അതുപോലെ കുട്ടികളിലെ ഹൈപ്പർ ആക്ടിവിറ്റി പ്രശ്നങ്ങൾ കുറക്കാനും  സ്വഭാവ വൈകല്യങ്ങൾ പരിഹരിക്കാനും  യോഗ സഹായിക്കുന്നുണ്ട്

 ജീവിത ശൈലി രോഗങ്ങളിൽ  യോഗ :
 

 ആയുർവേദം ഹോമിയോ മോഡേൺ മെഡിസിൻ തുടങ്ങി പല ചികിത്സാ സമ്പ്രദായങ്ങൾ ഉണ്ടെങ്കിലും വർഷംതോറും അസുഖങ്ങളും വർദ്ധിച്ചുവരികയാണ് ഒരുകാലത്ത് 50 വയസ്സിനു മുകളിലായി മാത്രം കാണുന്ന രോഗങ്ങൾ ഹൈപ്പർടെൻഷൻ ഡയബറ്റിസ് തുടങ്ങിയവ ഇപ്പോൾ ചെറുപ്പക്കാരനും വളരെ കൂടുതലാണ് ഈ അസുഖങ്ങളുടെ പ്രധാന വില്ലൻ മാനസിക സമ്മർദ്ദം ആണ്. കൊച്ചുകുട്ടികൾക്ക് പോലും ഇന്ന് സ്‌ട്രെസ്സ് അല്ലെങ്കിൽ ടെൻഷൻ ഉണ്ട്. ഇങ്ങനെയുള്ള ആധി കളാണ് ഇപ്പോഴത്തെ വ്യാധികൾക്ക് അല്ലെങ്കിൽ അസുഖങ്ങൾക്ക് പ്രധാനകാരണം. തുടർച്ചയായി മാനസിക സമ്മർദ്ദം ഉണ്ടാകുന്നത് ശരീരത്തിലെ കോർട്ടിസോൺ ഹോർമോൺ ലെവൽ കൂട്ടും. അത് പലതരത്തിലുള്ള ശരീരവേദന, ഡയബറ്റിസ് അമിത രക്തസമ്മർദ്ദം ഇവയ്ക്കൊക്കെ കാരണമാകുന്നു. ടെൻഷൻ കൊണ്ട് ഉറക്കക്കുറവ് ഉണ്ടാവുകയും അത് നമ്മുടെ ഹോർമോൺ നിയന്ത്രണത്തിൽ  ഒക്കെ തകരാർ ഉണ്ടാക്കുന്നു. കൃത്യമായി രീതിയിലുള്ള യോഗാസനങ്ങളും പ്രാണായാമങ്ങളും റിലാക്സേഷൻ ടെക്നികളും സ്ട്രെസ്സിന് നിയന്ത്രണവിധേയമാക്കാൻ നമ്മളെ സഹായിക്കുന്നുണ്ട് ദിവസവും രാവിലെ 15 മിനിട്ട് മെഡിറ്റേഷൻ ചെയ്യുന്നത് ആ ദിവസത്തിന് തന്നെ ഒരു നല്ല ഉണർവേകുന്നുണ്ട്. ശരിയായ ആഹാരം, ഉറക്കം ഇവയൊടൊപ്പം കൃത്യമായി യോഗ പരിശീലിക്കുന്നത് ജീവിത ശൈലി രോഗങ്ങൾ തടുക്കുന്നതിനും  വന്നത് നിയന്ത്രിക്കുന്നതിനും സഹായിക്കും.

 യോഗ ഒരു ജീവിതചര്യയാണ് ദിവസവും യോഗ ചെയ്തുകൊണ്ടിരിക്കുക എന്നതാണ് യോഗയുടെ ഗുണങ്ങൾ അറിയാൻ നാം ചെയ്യേണ്ടത്.

 

Author Dr Amritha Rajan MD (Ayu) Ph D

Associate Professor, Dept of Panchakarma.